Saturday, March 2, 2013

പ്രപഞ്ചം ചാരുകസേരയിൽ/ ഇത് തെറ്റായ ഒരു ധാരണയുടെ ആകെ പ്രശ്നമാണ്.


അങ്ങനെ നഗരങ്ങൾക്ക് അങ്ങിങ്ങ് സ്ഥലം മാറ്റം നൽകാൻ
അനേകം സ്വാഭാവികതകൾ നിറഞ്ഞ വിരസമായ ഒരു സഞ്ചാരത്തിൽ
ഭൂമിക്ക് തോന്നി : )

അന്നേ ദിവസം,
ഭൂമി എന്തുതീരുമാനിച്ചാലും ഒന്നും തിരിയാത്ത എല്ലാവരുടേയും പോലെ,

ദെൽഹിക്കുപോകുന്ന രാഷ്ട്രീയ ഉലകം കക്ഷിനായകർ
ഫ്ലൈറ്റിൽ കയറിയിരിക്കുന്നു.

ഒരു ക്യാമറാമാൻ
നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാൻ നെറ്റ്കഫേയിൽ വന്നിരിക്കുന്നു.

ഒരാൾ ആത്മഹത്യ ചെയ്യാൻ
ലോകമാന്യതിലക് കാത്തിരിക്കുന്നു.

കൊല്ലത്തുനിന്ന് ഒരു ബാങ്ക് ക്ലർക്ക്
ഒരു സൂപ്പർഫാസ്റ്റ് ബസ്സിൽ ഗുരുചരിതം വായിച്ചിരിക്കുന്നു.

മരണവീട്ടിൽനിന്നിറങ്ങി ചുവന്നകണ്ണുകളോടെ
ഒരു കവി ചാനൽ ഓഫീസിലേക്ക് വണ്ടിവിടുന്നു.

ഒരു തീവ്രവാദി തിരക്കുള്ള ഒരു നഗരം തേടി
അമ്മയെ ഓർത്ത് നടക്കുന്നു

മോസ്കോ സ്വപ്നം കണ്ട്
കുട്ടികളും ഒരദ്ധ്യാപകനും ഉച്ചക്കുറങ്ങുന്നു

ഇതുവരെ എല്ലാം കൃത്യമാണ്
നമ്മെക്കുറിച്ച് തന്നെ
ഒരു മുൻ ധാരണയും ഇതുവരെ ആവശ്യമായിവന്നിട്ടില്ല

മനുഷ്യനെ വിചാരിച്ച് ഒരു തീരുമാനവും
ഭൂമി ഇന്നേവരെ റദ്ദാക്കിയിട്ടുമില്ല.

അപ്പോൾ ഭൂമി കാലുകളിൽ ഉച്ചകനക്കുന്ന
ഒരു ചാരുകസേരയിൽ
അസാന്ദർഭികമായി ഒന്നുമില്ലാത്തവിധത്തിൽ
ചുറ്റും നോക്കികിടക്കുന്നു.

അതുപോലെതന്നെ
പ്രപഞ്ചത്തിന്റെ തനിക്കറിയാവുന്ന കറക്കം,
ഒന്നു കുടഞ്ഞ് വിരിക്കാൻ തോന്നുന്ന തന്റെ ലോകം,
ഗ്രഹണങ്ങൾ,
അല്പജീവിതങ്ങൾ,
വിരസമായ ഓർമ്മകൾ വരുന്നു.
ചരിത്രങ്ങളെയൊക്കെ ഒന്ന് പുതുക്കേണ്ടതുണ്ടല്ലോ എന്ന് തോന്നുന്ന വിരസത.
എന്നങ്ങനെ വിചാരിക്കുന്നു.

രാജ്യങ്ങളെ വരെ മാറ്റികൊടുക്കേണ്ടതാണ്.

അതിർത്തികളും യുദ്ധങ്ങളും വീണ്ടും നടക്കട്ടെ
അല്ലെങ്കിലും ഉണ്ടായ കാലം മുതലേ
അതിൽനിന്നെല്ലാം ഒന്നും പഠിച്ചില്ല
പെരുംകറക്കങ്ങളിൽ സമാധാനം തന്നെ ആവശ്യമില്ല.

ശരീരത്തിൽ നിന്ന് ആദ്യം നഗരങ്ങളെ തിരുത്താം
ആദ്യം കണ്ടത് കൊച്ചിയെ
കടൽകടത്തികൊടുത്തു,എങ്ങോ കയറിപ്പോയി.

ഇസ്ലാമാബാദിനെയെടുത്ത് ഗുജറാത്തിൽകൊണ്ട് വെച്ചു.
ഇസ്രയേലിനെ നുള്ളിയെടുത്ത് അന്റാർട്ടിക്കയിൽ കൊണ്ട് വെച്ചു.

ലോകത്താകെ ഇത്തരം മാറ്റങ്ങൾ നടന്നു: )

അപ്പോഴും കൗതുകങ്ങളാൽ നശിപ്പിക്കപ്പെട്ടിട്ടില്ല ഒന്നും.
നഗരങ്ങളുടെ രാജ്യങ്ങൾ മാറി എന്നതൊന്നൊഴിച്ചാൽ.

രാജ്യങ്ങളെക്കുറിച്ചും ലോകത്തെകുറിച്ചും ഒരു ബോധവുമില്ലെന്നായി.

തിരഞ്ഞെടുപ്പുകൾ റദ്ദുചെയ്യപ്പെട്ടു.
തിരിഞ്ഞുമറിഞ്ഞുവന്ന രാഷ്ട്രീയ സാഹചര്യങ്ങളിൽ
സഖാവ് കണാരൻ അമേരിക്കൻ പ്രസിഡന്റായി.

സൗദിപോലീസിനെ കണ്ട് ക്ലർക്ക് ബസ്സിൽതന്നെയിരുന്നു.

അയാളുടെ ആത്മഹത്യ ലണ്ടനിൽ വെച്ച് രാജകീയമായി നടന്നു.

അങ്ങനങ്ങനങ്ങനെ ലോകത്തൊരു പുത്തൻ സൂര്യോദയം
എന്തൊരെന്ത് വിപ്ലവങ്ങൾ
എത്രയെത്ര നാടോടി കഥകള്‍
അതങ്ങനങ്ങ് തീർപ്പായി.: )

മോസ്കോയിലേക്ക് കുട്ടികൾ
സ്കൂൾവിട്ടിറങ്ങി.അവരവിടെയുള്ള കുട്ടികളിൽ ലയിച്ചു
(ഒരു ചോദ്യത്തിന്റേയും ആവശ്യമില്ല..ഇതിലൊന്നും അസ്വഭാവികമായി ഒന്നുമില്ല)

നേതാക്കളുടെ വീമാനം ദെൽഹിതേടി നടന്നു.

ക്യാമറാമാൻ കോഴിക്കോട്ടേക്ക് പോകാൻ പാസ്പ്പോർട്ട് ശരിയാക്കുകയാണ്.

തീവ്രവാദി അയാളുടെ അമ്മയുടെ നാട്ടിലേക്ക് തിരിച്ചെത്തി.

കവിയുടെ കാർ അനാഥമായി ഒരു വിജനമരുഭൂവിൽ
ഒരു സങ്കടകാറായി
കവിയുടെ നാട്ടിൽ അമ്മച്ചിയുടെമേലെ പെയ്തു.

അപ്രതീക്ഷിതമായി കാമുകനെ കണ്ടവൾ.

( നിങ്ങൾ ഒരു കാര്യം തീരുമാനിച്ചാൽ ലോകം തലകുത്തിനിന്ന്
അത് സാധിച്ചു തരും-ശരിയാണ് : )

ഇത് തെറ്റായ ഒരു ധാരണയുടെ ആകെ പ്രശ്നമാണ്
ചിലകാഴ്ചകളിൽ മാത്രം കണ്ണുടക്കുന്നതിനാൽ കവിതയാണ്.

--
നഗരത്തോടൊപ്പം
അനുബന്ധമായ ചിലതെല്ലാം/
ചരിത്രങ്ങൾ/സംസ്കാരങ്ങൾ/
ഭാഷകൾ/പ്രണയങ്ങൾ/
ഓർമ്മകൾ/പലായനങ്ങൾ/
പരിഭവങ്ങൾ/യുദ്ധങ്ങൾ/
അതിർത്തിതർക്കങ്ങൾ/
കവികൾ/രാജാക്കന്മാർ/
പുരോഹിതർ/തത്വശാസ്ത്രങ്ങൾ/
നരവംശഗ്രന്ഥങ്ങള്‍ /പരിണാമങ്ങൾ/ഒത്തുതീർപ്പുകൾ

ലോകത്ത് പാഴായവയെല്ലാം
സ്ഥലം മാറ്റപ്പെട്ടു.

ഇങ്ങനെ അവസാനിപ്പിക്കാൻ കഴിയുന്നതല്ല, എങ്കിലും
അത്ര നിസ്സാരമായതിനാൽ
എനിക്കിപ്പോൾ ഇതിലൊന്നും ഒരു പുതുമയുമില്ലാത്തതിനാൽ
ഞാൻ എന്റെ നഗരത്തിന്റെ ചുറ്റും പുതിയവഴികൾ യോജിപ്പിക്കുകയാണ്.

പക്ഷേ
ഇപ്പോൾ
അതെല്ലാം കഴിഞ്ഞിതാ ഇപ്പോൾ, പ്രപഞ്ചത്തിനു
വിരസമായ ഒരു നേരത്ത് അങ്ങനെ തോന്നുന്നു

പ്രപഞ്ചം ചാരുകസേരയിൽ.: (


പ്രപഞ്ചം ചാരുകസേരയിൽ/ ഇത് തെറ്റായ ഒരു ധാരണയുടെ ആകെ പ്രശ്നമാണ്.
No comments:

Post a Comment