Tuesday, October 9, 2012

തന്റെ കാറിൽ ചെയർമാൻ ഹോൺ അത്യുച്ചത്തിൽ മുഴക്കിക്കൊണ്ടിരുന്നു.

നഗരസഭാചെയർമാൻ നിരാശനായി വീണ്ടും നിശബ്ദനായി.
കൃത്യം മൂന്ന് ദിവസങ്ങൾക്കുമുൻപ് അയാൾ മരിക്കുമെന്നാണ്
കൗൺസിലർമാർ അപ്പോൾ കണക്കുക്കൂട്ടിയത്.

ചെയർമാൻ മൈക്കിനോട് ചേർന്നിരുന്ന് പറഞ്ഞു
'പ്രിയ്യമുള്ള കൗൺസിലേഴ്സ്
എന്റെ ആരോഗ്യസ്ഥിതി നിങ്ങൾകരുതുന്നത്പോലെതന്നെ
മോശമാവുകയാണ്.
ഈ ആഗ്രഹം നിങ്ങൾ നടത്തിതരുമെന്ന് ഞാനിപ്പോഴും ആശിക്കുന്നു.'

നളിന ക്ഷുഭിതയായി എഴുന്നേറ്റു.
 ചെയർമാൻ!
ചെയർമാൻ!
നമ്മൾ ജനങ്ങളോട് എന്തുപറയും?
കിഴവനായ ചെയർമാന്റെ അന്ത്യാഭിലാഷം നടപ്പാക്കുന്നതോടെ
നഗരസഭാഭരണം തന്നെ നഷ്ട്ടപ്പെട്ടേക്കും
ജനങ്ങൾ ആസ്ഥാനം വളഞ്ഞ് ഇതെല്ലാം ഇടിച്ചുനിരത്തി ഫുട്ബാൾ കോർട്ടുണ്ടാക്കും
നഗരസഭാപരിധിയിൽ ഫുട്ബാൾ കോർട്ടില്ല എന്നതും
ബജറ്റിൽ അതിനുമാറ്റിവെച്ചതുക ഭരണ,പ്രതിപക്ഷമില്ലാതെ മുക്കിയതും
ചെയർമാനും അറിയാമല്ലോ'

'മാഡം നളിനാ,
മരിക്കാറായപിതാവിനെപ്പോലെ എന്നെ കാണൂ
ചിരിക്കാതിരിക്കൂ കൗൺസിലേഴ്സ്!
വെറും ഒരേയൊരു ഭൂരിപക്ഷംകൊണ്ട്
ഇത്രകാലം ഞാൻ നിങ്ങളെ കൊണ്ടുനടന്നില്ലേ?
അടുത്തതവണകൂടി നിന്റെ ഡിവിഷണിൽ നിന്നെ മത്സരിപ്പിക്കാൻ 
ഞാൻ പാർട്ടിയോട് ശുപാർശചെയ്തേ മരിക്കൂ..

 കൗൺസിലർമാരുടെ വിവിധ ആവശ്യങ്ങൾക്കായി
നഗരസഭാവരുമാനത്തിൽ നിന്ന് 75%തുക മാറ്റിവെക്കുന്നതാണ്
എന്റെ മുന്നിൽ പ്രതിപക്ഷമേ നിങ്ങളില്ല.
ഞാൻ നഗരത്തിന്റെ പിതാവല്ല
നിങ്ങളുടെ മരിക്കാറായ പിതാവാണ്.'

 23/ഡിവിഷനിലെ സുധാകരൻ 
തന്റെ രാഷ്ട്രീയ ജീവിതത്തിൽ ആദ്യമായി ചെയർമാനെ പിന്തുണച്ചു.

ചെയർമാൻ തന്റെ അന്ത്യാഭിലാഷം ഒരിക്കൽകൂടെ ആവർത്തിച്ചു.

നാളെ മുതൽ മൂന്നുദിവസം 
അതായത് ഞാൻ മരിക്കുമെന്ന് ഡോക്ടർ പറഞ്ഞ ദിവസം വരെ
നഗരസഭാപരിധിയിൽ വാഹനങ്ങൾ ഹോൺ മുഴക്കാൻ പാടില്ല.
ശബ്ദമലിനീകരണത്തിനെതിരെയുള്ള ബോധവത്കരണമോ
എന്തെങ്കിലും കാരണങ്ങൾ പറയാം
നിങ്ങൾ ആദ്യമായി ചെയർമാന്റെ ആവശ്യം നടപ്പാക്കുകയാണ്.
അതിനുവേണ്ട മുന്നൊരുക്കങ്ങൾ നടത്തൂ.'

 2

അജ്ഞാത രോഗബാധിതനായതിനുശേഷം
ചെയർമാന്റെ ഉറക്കം നഷ്ട്ടപ്പെടുത്തിയ
സ്വപ്നം നടപ്പാകുവാൻ പോവുകയാണ്.
അന്നും  മുൻപത്തേപോലെയല്ലാതെ
ശാന്തനായി ചെയർമാൻ സ്വപ്നം കണ്ടു.

നിശബ്ദമായി നീങ്ങുന്ന വാഹനനിരകൾക്കിടയിലൂടെ
ഹോണടിച്ച് അതിവേഗം കാറോടിക്കുന്ന ചെയർമാൻ,
ഒരു ദുസ്വപ്നം എങ്ങനെ ഇത്ര ആസ്വാദ്യകരമായി മാറിയെന്ന് ചെയർ അത്ഭുതപ്പെട്ടു.

അന്നു രാവിലെ ഡോക്ടർ ചെയർമാനോട് പറഞ്ഞു
ചെയർ,നമ്മൾപറഞ്ഞതുപോലെ ഈ സ്വപ്നസാക്ഷാത്കാരത്തോടെ 
താങ്കൾ വീണ്ടും ജീവിതത്തിലേക്ക് വരാൻ പോവുകയാണ്.

:ഡോക്ടർ! കൗൺസിലേഴ്സ് ഇക്കാര്യം അറിയാനേ പാടില്ല
അടുത്ത തിരഞ്ഞെടുപ്പിൽ 33\ഡിവിഷനിൽ താങ്കൾ മത്സരിക്കുവാൻ എനിക്കാഗ്രഹമുണ്ട്.

3

നഗരത്തിൽ അന്ന് കർശനപരിശോധന ആരംഭിച്ചു.
നഗരാതിർത്തികളിൽ വാഹനങ്ങളുടെ ഹോൺ വിശ്ചേദിച്ചു.
പെട്ടെന്ന് കർശനമായി മാറിയ നിർദ്ദേശത്തിൽ ജനങ്ങൾ ആശയകുഴപ്പത്തിലായി.

രണ്ടുദിവസങ്ങൾ കടുത്തപ്രധിഷേധങ്ങളില്ലാതെ കടന്നുപോയതിൽ
ചെയർ മൂന്നാം ദിവസം അതീവ സന്തോഷവാനായി കാണപ്പെട്ടു.

മൂന്നാം ദിവസം രാവിലെ 
തന്റെ കാറിൽ ചെയർമാൻ
നഗരത്തിലേക്ക് കുതിച്ചു.

ഹോണുകളില്ലാത്ത നഗരത്തിൽ
ഒരു വാഹനം മാത്രം ഹോണടിച്ചുനീങ്ങി.

ചെയർമാൻ പൊട്ടിച്ചിരിച്ചു
തന്റെ നഷ്ട്ടപ്പെട്ട ആരോഗ്യം തിരിച്ചുലഭിച്ചതായി ഓരോനിമിഷവും
അയാൾ അനുഭവിച്ചു
പോലീസ് വാഹനങ്ങളുടെ അകമ്പടിവ്യൂഹത്തിൽനിന്ന് തെന്നിമാറി
ചെയർമാന്റെ വാഹനം കുതിച്ചുപാഞ്ഞു.

ഇപ്പോൾ
നഗരത്തെ നോക്കൂ
വാഹനങ്ങൾ കൂട്ടിയിടിക്കുന്ന ശബ്ദം മാത്രമേയുള്ളൂ.

അദൃശ്യമായ ചെയർമാന്റെ വാഹനം ആരും കാണുന്നില്ല'
എങ്കിലും നിർത്താതെ ഹോണ്മുഴങ്ങുന്നുണ്ട്.

നഗരത്തിനുമീതെ 
ചെയർമാന്റെ വാഹനം ചിലകുട്ടികൾ കണ്ടതാണ്.
ആളുകൾ കൂടും മുൻപേ അതും അദൃശ്യമായി.

തന്റെ അജ്ഞാത സ്വപ്നത്തിൽ,രോഗത്തിൽ 
തിരിച്ചെത്താത്ത ഒരുറക്കത്തിൽ,തന്റെ കാറിൽ ചെയർമാൻ
ഹോൺ അത്യുച്ചത്തിൽ മുഴക്കിക്കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ.

No comments:

Post a Comment