Wednesday, September 5, 2012

അന്നാദ്യമായ് ദൃശ്യങ്ങൾ സാദൃശ്യതകളെ തുറന്നുവിട്ടു.

വീട്
അന്നിറങ്ങിയപ്പോൾ അടച്ചുവെച്ചില്ല്ല.
തുറന്നുകിടക്കുന്ന വീടിനെ നടക്കുന്ന വഴിയെല്ലാം ഓർത്തു.
അന്നാദ്യമായി വീടുകളെല്ലാം തുറന്നുകിടക്കുന്നത് കണ്ടു.
വുമെൺസ് ഹോസ്റ്റലിന്റെ ജനലുകൾ തുറന്നുകിടക്കുന്നു.
പകൽ ഉച്ചയെ തുറന്നുവിട്ടിരുന്നു\
ആ പാതിരാതിരിയിൽ ഒരുച്ചകയറിവന്നു
തന്റെ ഹോട്ടലിൽ ഒരാൾ ഊൺ തയ്യാറെന്ന്
പെട്ടെന്ന് ഒരു ബോർഡ് തൂക്കി.

പകലിറങ്ങിയപ്പോൾ അന്ന് രാത്രിയെ അടച്ചുവെച്ചില്ല,
തുറന്നിട്ട പകലിനെ അന്ന് രാത്രി വഴികളിലെല്ലാം ഓർമ്മിച്ചു.

അന്നിറങ്ങിയപ്പോൾ
അടച്ചുവെച്ചില്ല,ശബ്ദം
നിശബ്ദതയെ

ഒരു ചലനവും അടച്ചുവെച്ചില്ല നിശ്ചലതയെ
ഓരോ ചലനവും നിശ്ചലതയെ വഴികളിൽ ഓർമ്മിച്ചു.

അടച്ചുവെക്കാതെ പുറപ്പെട്ടുതുടങ്ങി
അങ്ങനെ എല്ലാ യാത്രകളും

ശരീരങ്ങൾ അന്ന് തുറന്നുകിടന്നു

താഴ്വരകൾ,സൂര്യോദയങ്ങൾ
കടലുകൾ,മരണങ്ങൾ
തുറന്നുകിടന്നു.

പരസ്യങ്ങൾ രഹസ്യങ്ങളെ
അന്നാദ്യമായി അടച്ചുവെച്ചില്ല.
രൂപങ്ങൾ അരൂപങ്ങളെയും
രൂപങ്ങൾ നഗ്നതയെയും അടച്ചില്ല,അന്നിറങ്ങി പോകുമ്പോൾ.

ഓരോ നിമിഷവും പുതിയവ വെളിപ്പെട്ടു.

അന്നാദ്യമായി സാദൃശ്യതകളെ
ദൃശ്യങ്ങളെല്ലാം പുറത്തുവിട്ടു,അവയെ അടച്ചുവെച്ചില്ല.

നിരാശ ജീവിതങ്ങളെ തുറന്നുവെച്ചു.:(

ലോകം തുറന്നുകിടക്കുന്നു
ഞാൻ തുറന്നുവെച്ച ഒരു വീടിനെ ഓർക്കുന്നു

യാഥാര്‍ത്യങ്ങളില്‍ നിന്ന്
അയഥാര്‍ത്ഥങ്ങള്‍ മോചിപ്പിക്കപ്പെട്ട
അന്നാദ്യമായി  ലോകം,
അന്നാദ്യമായി തുറക്കപ്പെട്ട വാതിലുകളിലൂടെ പുറത്തിറങ്ങി.

ഓരോരുത്തരും അവരവരിലൂടെ
പുറത്തുകടന്നു
പരിചിതത്വം അപരിചിതത്വത്തെ തുറന്നു
അവ ലോകത്തോടൊപ്പം കറങ്ങി നടന്നു.

പുതിയവ
പുതിയവ
സ്വാഭാവികതയിൽ നിന്ന്
അസ്വഭാവികത പുറത്തുചാടി

തുറന്നുവെച്ച ലോകത്തിലൂടെ
തുറന്നുവെച്ച വീട്ടിലേക്ക്
തിരിച്ചറിവിൽ നിന്ന് തുറന്നുവിട്ട വഴികളിലൂടെ
ഒരൊറ്റനിമിഷം കൊണ്ട് അകത്തേക്ക് ചാടി

വീട് അനേകം വീടുകളെ തുറന്നുവിട്ടിരിക്കുന്നു

ആമകൾ
ഒച്ചുകൾ

ഇനിയിറങ്ങുമ്പോൾ
ഞാനെന്റെ വീട് അടച്ചുവെക്കുകയാണ്.

No comments:

Post a Comment