Monday, August 27, 2012

മുത്തശ്ശി മാറ്റിവെച്ചിരുന്നു ഒരു കഥ.

അന്നേവരെ പറഞ്ഞിട്ടില്ല,മുത്തശ്ശി മാറ്റിവെച്ചിരുന്നു ഒരു കഥ
ഒരുറക്കത്തിൽ മരിച്ചുപോയന്ന് രാത്രി
ഒറ്റക്കുവിളിച്ച് പറഞ്ഞു

അന്നുവരെകണ്ടതുപോലല്ല.
പകുതിവഴിയിൽ, കഥയിൽ കൈപിടിച്ച് നടന്നു
എത്ര സുന്ദരമായ ഒരൊഴിഞ്ഞുപോകലായിരുന്നു അത്
ഫ്ലാറ്റിന്റെ അനേകം മഞ്ഞചതുരങ്ങളിലൊന്നിൽ നിന്ന്
രാത്രിയുടെ അനേകം വെളിച്ചങ്ങൾക്കുമുകളിലൂടെ

ഞാൻ മുത്തശ്ശിയെനോക്കി
ഇതൊരു കഥയാണ്,മുത്തശ്ശി അതേ കഥാപാത്രമായി പരിണമിച്ചിരുന്നു
കഥക്കും എനിക്കുമിടയിൽ മുത്തശ്ശിയുടെ ദുർബലമായ സ്പർശം മാത്രം
ഏതെങ്കിലും ഒരു നിമിഷത്തിൽ  കൈവിട്ടുപോയതാവണം
കഥയിലേക്ക്,അന്ന്

ഞങ്ങൾ,ഫ്ലാറ്റുകളുടെ,വാഹനങ്ങളുടെ,കമ്പോളങ്ങളുടെ
നഗരത്തിന്റെ നിറങ്ങളിൽ നിന്ന്
ഉയർന്നുപറന്നു
ഞങ്ങൾക്കിടയിൽ വിട്ടുപോകാവുന്ന അകലമുണ്ടെങ്കിലും
യാന്ത്രികമാണെന്ന് തോന്നിക്കുന്ന ആ യാത്രയിൽ ഞങ്ങൾ ഒരുമിച്ച്തന്നെയാണ്.

എവിടെവെച്ചന്നറിയില്ല
ആകസ്മികമായ എല്ലാ അനുഭവങ്ങളെയും പോലെ
നിശബ്ദവും,നിശ്ചലവുമായ ഒരു ഭൂഗർഭതീവണ്ടിയിൽ
മുത്തശ്ശികയറിയിരുന്നു.

ഞാനോർക്കുന്നു,അതെല്ലാം നിശബ്ദമായിരുന്നു
എല്ലാ  കഥകളും നിശബ്ദമായ ഒരോർമ്മയാണ് എന്നതുപോലെ
ഇരുട്ടിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു എന്ന്
സങ്കൽപ്പിക്കാൻ മാത്രമായിരുന്നു കഴിയുക
മുത്തശ്ശിയുടെ സാമീപ്യം
അദൃശ്യമായ ഒരു കഥാപാത്രമായി പരിണമിച്ചിരുന്നു

ഏതെങ്കിലും ഒരുകഥയിലെ കഥാപാത്രത്തോടൊപ്പം
പരിചിതമേയല്ലാത്തിടത്ത്
നിശബ്ദമായ ഒരു തീവണ്ടിയാത്രയുടെ
അനേകം കൗതുകങ്ങളിൽ ഞാൻ കേട്ടുകൊണ്ടിരുന്നു

തീവണ്ടിയല്ല
നടക്കുകയാണ്,ഒരുപക്ഷേ ഒഴുകുകയാണ്
മുത്തശ്ശിയുടെ ചെവിയിൽ ഞാനിരിക്കുന്നു
ശരീരങ്ങൾ വിട്ടുപോകുന്ന മുത്തശ്ശിയെ ഞാൻ കാണുന്നുണ്ട്
എന്റെ ശരീരം എനിക്ക് ദൃശ്യമല്ല
ഞങ്ങൾ രണ്ടോർമ്മകളാണ്
ഒരോർമ്മയുടെ ചെവിയിൽ മറ്റൊരോർമ്മ
ഞങ്ങൾ ഓർമ്മയുടെ കഥാപാത്രങ്ങളായി മാറി

എത്തിച്ചേരുമ്പോൾ,അവിടെ
ഓർമ്മയുടെ വിവിധ പരിഭാഷകൾ തയ്യാറാക്കുന്നു
പ്രപഞ്ചത്തിന്റെ ഓരോമൂലയിലേക്കും
കഥകളുടെ നീളൻ തീവണ്ടികൾ
യാത്രപുറപ്പെടുന്നു
കഥകൾ  കഥകളെനോക്കി യാത്രപുറപ്പെടുന്നു
കെട്ടിപിടിച്ച്,വിതുമ്പി,കണ്ണുതുടച്ച്
അവരവരുടെ സീറ്റുകളിൽ സ്ഥാനംപിടിക്കുന്നു.

മുത്തശ്ശിയെ എല്ലാവരും സ്വീകരിക്കുന്നു
മുത്തശ്ശന്മാരുടെ,മുത്തശ്ശിമാരുടെ അനന്തതയോളം അറ്റം
ചരിത്രങ്ങൾ,ഭാവനകൾ,സ്വപ്നങ്ങൾ
നിശബ്ദത ഒരു ഭാഷ,
ലിപിപരിഷ്കർത്താക്കൾ
മുത്തശ്ശിയെ ആനയിക്കുന്നു

മുത്തശ്ശി ചുവന്ന ഒരു സ്ക്രീനിൽ കയറിയിരിക്കുന്നു
ഓർമ്മകളെ സ്കാൻ ചെയ്തുസീഡിയിലാക്കി
തിരിച്ചുവരുന്ന ഒരാൾ എന്റെ മുന്നിലൂടെ കടന്നുപോയി

മുത്തശ്ശി കാൽനീട്ടിയിരിക്കുന്നു
ഒരുറക്കത്തിൽ മരിച്ചുപോയന്ന് ഉറങ്ങുന്നതിനുമുൻപ്
എന്റെ  കഥകളുടെ ഒരു നാട്ടിൽ
കാലങ്ങളുടെ ഏതോ ഒരറ്റത്ത്..
ഞാൻ മുത്തശ്ശിയെകാത്ത്
ഒറ്റക്ക്, തിരിച്ചെത്താത്ത ഒരു തീവണ്ടി യാത്രപുറപ്പെടുന്നതും
കാത്തിരിക്കുന്നു.

5 comments:

 1. ഒരു നിമിഷത്തിൽ ഞാനും കൈവിട്ട് സ്വപ്നത്തിലേക്കു വീണു.!!

  ReplyDelete
 2. ചില വാക്കുകള്‍ നമ്മളെ കരച്ചിലിന്റെ ഭൂതകാലതിലൂടെ മറവിയുടെ അടിത്തട്ടുകളിലേക്ക് കൊണ്ടുപോകുന്നതെന്തായിരിക്കും
  ഞാനും കാതോര്‍ക്കുകയായിരുന്നു
  എന്‍റെ ചെവികള്‍ മുത്ടഷിയുടെ ഒരിക്കലും എന്നോട് പറയാന്‍ കഴിയാത്ത ഒരു കഥ
  ഇനി ഒരിക്കലും ഭൂതകാലത്തിന്റെ ചുരമിറങ്ങി വരാത്ത ഒരു തീവണ്ടിക്കു വേണ്ടി ഞാനും
  വെറുതെ കാതിരിക്കുന്നു

  ReplyDelete
 3. a poem that reflects an inner conflict ..to leave and never to return.. to leave and to return..a conflict of memories a longing to return to someone who loved and was loved.here the muthassi... a prophetic glimpse into something akin to that mentioned in the revelations .travelling beyond time and space in the spirit ..
  എത്തിച്ചേരുമ്പോൾ,അവിടെ
  ഓർമ്മയുടെ വിവിധ പരിഭാഷകൾ തയ്യാറാക്കുന്നു
  പ്രപഞ്ചത്തിന്റെ ഓരോമൂലയിലേക്കും
  കഥകളുടെ നീളൻ തീവണ്ടികൾ
  യാത്രപുറപ്പെടുന്നു
  കഥകൾ കഥകളെനോക്കി യാത്രപുറപ്പെടുന്നു
  കെട്ടിപിടിച്ച്,വിതുമ്പി,കണ്ണുതുടച്ച്
  അവരവരുടെ സീറ്റുകളിൽ സ്ഥാനംപിടിക്കുന്നു....


  and the insecurity in returning.. !
  @ anna maria (anneche)

  ReplyDelete
 4. തണുപ്പ്..എല്ലിന്റെ, തലമുറകളുടെ..

  ReplyDelete
 5. ഒരു കാലത്തിൽനിന്ന് മറ്റൊരു കാലത്തിലേയ്ക്ക് ഇടറി വീഴുമ്പോഴുണ്ടാകുന്ന ഒരാന്തൽ.
  പരിചയമില്ലാത്തഒരമ്മൂമ്മയുമൊത്ത് ദുബായ് തെരുവുകളിലൊന്ന് നടന്നു തീർത്ത പാതിര.
  ഒരു കവിത വായിക്കുമ്പോൾ നമ്മൾ ആ കവിതയല്ല അനുഭവിക്കുന്നതെന്നുണ്ടോ!
  :(

  ReplyDelete