Thursday, August 2, 2012

ചിറകുകൾ സൂക്ഷിച്ചുവെച്ച മരങ്ങൾ

അതിസൂക്ഷ്മം നിരാശവളർന്നുവീണ ലോകത്തെ വരമ്പുകളിലൂടെ നടന്നുകാണുന്നു.നിരാശകൊണ്ട്മാത്രം ലോകത്തെ നിർമ്മിച്ചുവെച്ച് പക്ഷികൾ കറുത്തഒരു വൃത്തത്തിൽ ചിറകുകൾ സൂക്ഷിച്ചുവെച്ച മരങ്ങളെ മറന്നുപോകുന്നതിനാൽ ആകാശത്തിൽ തന്നെ കൂടൊരുക്കുന്നു.അതിലൊരു മരം
വയലിലേക്കുണങ്ങിവീണതിന്റെ കൊമ്പിലിരുന്ന്
ഞരമ്പുകൾ നിന്നിലേക്കൊഴുക്കി വിട്ട്
നിന്റെ വഴുതുന്ന കൈയ്യുകളിൽ ഭ്രാന്ത്ചുവയ്ക്കുന്നതു വരെ നക്കികൊണ്ടിരിക്കുമ്പോൾ,
ദൂരം ഒരു പുഴപോലെ നടന്നുവരുന്നു.
നിന്നിലേക്കല്ലെങ്കിലും വാരിയെല്ലുകൾ ഹൃദയത്തിലേക്ക് തുളക്കുംവരെ, ഞങ്ങൾ ഒരുമിച്ച് നടക്കുന്നു.
എന്റെ ചുണ്ടുകൾ മാത്രം നിന്നെകുറിച്ചോർക്കുന്നതിനാൽ നീയ്യെടുക്കൂ ഇനിയുമൊരുപക്ഷേ നിന്നെകുറിച്ചല്ലാതെ സംസാരിക്കുമെന്നതിനാൽ എന്റെ നാക്കും ...എങ്കിലും ദൂരം എന്റെ പിന്നാലെ വരട്ടെ,
എത്തിച്ചേരുന്ന കാലം വരട്ടെ,
നീലിച്ചുവരുന്ന ഒരു വീടാണെന്റെ സ്വപ്നമെന്നതിനാൽ അതിന്റെ അന്യത തണുത്തുറഞ്ഞ മുറ്റമാണെന്റെ ഈ കിടപ്പ്.
ആ ഒരു സ്വപ്നത്തിൽ
ഇനിയും ഒരുറവക്കുചുറ്റിലിരുന്ന് ഞങ്ങൾ എല്ലാവരുടെയും അവിടേക്കുള്ള വഴിക്കിരുവശത്തെ,പച്ചഞരമ്പുകൾ വലിച്ചെടുക്കുകയാണ്.
വിരുന്നുവരുന്ന ഓർമ്മകൾ മാത്രമുള്ള വൈകുന്നേരങ്ങളിൽ
ഞങ്ങളവകൊണ്ട് ഇന്നത്തെ രാത്രിഭക്ഷണത്തിന്റെ അളവുകൾ തീരുമാനിക്കുന്നു
വിശപ്പിനെകുറിച്ചുള്ള സാന്ദർഭികമല്ലാത്ത ചില അനക്കങ്ങളിലേക്ക്
അവ ചോദ്യരൂപത്തിൽ ചുറ്റിവളയുന്നതിനുമുൻപേ
നിരാശയെ ഏകാന്തതയിൽ നിന്ന് വലിച്ചെറിയുന്നു
അതിനുശേഷം ഇല്ലാതായ ആ വരമ്പുകളെ വഴികളും ഞരമ്പുകളുമായി
കൂട്ടിയോജിപ്പിച്ച് എന്റെ ശരീരത്തിൽ നിന്നും നീ ഇറങ്ങിവരുന്നത് കണ്ട്
ഞാൻ അതേ കിടപ്പിൽ
അതേ കിടപ്പിൽ
നിന്റെ രുചി വറ്റിപോകാതെ കാക്കുന്നു.
എന്തെന്നാൽ നിന്റെ നാവിലെ ഉപ്പുകാറ്റുകൾക്കു പോലും സംഗീതമുണ്ട്
നിന്റെ കീഴ്ച്ചുണ്ടിന്റെ തണുപ്പിൽ എനിക്കിനിയും ഒരു കൂടാരമുണ്ട്
ദൂരം എന്റെ പിന്നാലെ വരട്ടെ,
എത്തിച്ചേരുന്ന കാലം വരട്ടെ,
അതേ കിടപ്പിൽ
നിന്റെ രുചി വറ്റിപോകാതെ കാക്കണം.

No comments:

Post a Comment